best site creator

കുഴിപ്പറമ്പിൽ തറവാട്‌ 


കൊല്ലവര്‍ഷം ഏകദേശം 700നും 800നും ഇടയിലാണ്‌ മുളങ്കുന്നത്തുകാവില്‍ കുഴിപ്പറമ്പില്‍ തറവാടിന്റെ ഉത്ഭവമെന്ന്‌ അനുമാനിക്കപ്പെടുന്നു. കൊല്ലവര്‍ഷം 1122 തുലാമാസം 12- തിയതി കുടുംബക്ഷേത്രത്തില്‍ നടത്തിയ അഷ്ടമംഗല്ല്യ പ്രശ്നത്തില്‍ നിന്നാണ്‌ ഈ നിഗമനം. ഈശ്വരഭക്തനും, ദേവീ, നാഗോപാസകനുമായ ഒരു പൂര്‍വ്വികന്‍,  തന്റെ ജന്‍മസ്ഥലമായ കടത്തനാട്ടുനിന്നും ദേശാടനം നടത്തുന്നതിനിടെ ഇപ്പോഴത്തെ തറവാടിന്റെ മൂലസ്ഥാനമായ മുളങ്കുന്നത്തുകാവില്‍ എത്തുകയും തന്റെ സേവാമൂര്‍ത്തികളായ ദേവിയേയും, നാഗങ്ങളേയും യഥോചിതം കുടിയിരുത്തി ആരാധിക്കുകയും ഈ ദേശദേവതകളായ ശിവനേയും, വിഷ്ണുവിനേയും ഭജിച്ച്‌ ആരാധിച്ച്‌ ഇവിടെ ഈ തറവാടിന്‌ ബീജാപാപം ചെയ്തുവെന്നാണ്‌ കേട്ടറിവ്‌. ഇന്നത്തെ തലമുറ, മുത്തപ്പന്‍ എന്ന്‌ സങ്കല്‍പ്പിച്ച്‌ ആരാധിച്ചു വരുന്ന ആ പൂര്‍വ്വികന്റെ കീഴില്‍ ഈ തറവാട്‌ എല്ലാ മേഖലകളിലും പുരോഗതി കൈവരിച്ചു. കാലക്രമേണ തറവാട്‌ വിപുലമാവുകയും, പലരും പല പല കാരണങ്ങളാല്‍ പല ഇടങ്ങളില്‍ താമസമാക്കുകയും ചെയ്തു. അങ്ങിനെ കണ്ടാണിശ്ശേരി, മരത്തംകോട്‌, കിടങ്ങൂർ, കടങ്ങോട്‌, ചിറ്റണ്ട, വട്ടായി, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളില്‍ കുഴിപ്പറമ്പില്‍ തറവാടിന്റെ ശാഖകള്‍ ഉണ്ടായി. ഇപ്പോള്‍ പല താവഴികളിലായി ഏകദേശം അന്‍പതില്‍പരം കുടുംബക്കാര്‍ മുളങ്കുന്നത്തുകാവിലും പരിസരങ്ങളിലുമായി താമസിച്ചുവരുന്നു. അതുപോലെ തന്നെ ഈ തറവാട്ടില്‍പെട്ട ഏഴുവീട്ടുകാര്‍ വട്ടായി ഭാഗത്തും, ഇരുപതില്‍പരം വീട്ടുകാര്‍ മരത്തംകോട്‌, കിടങ്ങൂറ്‍ ഭാഗത്തും, പതിനൊന്ന്‌ വീട്ടുകാര്‍ കടങ്ങോട്‌, രണ്ട്‌ വീട്ടുകാര്‍ ചിറ്റണ്ടയിലും താമസിക്കുന്നു. കൂടാതെ മുണ്ടത്തിക്കോട്‌, വടക്കാഞ്ചേരി, തൃശ്ശൂർ, എറണാകുളം, കണ്ടാണിശ്ശേരി, കോട്ടപ്പുറം, അവണൂർ എന്നിവിടങ്ങളിലായി പതിനൊന്നില്‍പരം വീട്ടുകാര്‍ താമസിക്കുന്നു. അങ്ങിനെ 110 വീട്ടുകാര്‍ ഇപ്പോള്‍ കുഴിപ്പറമ്പില്‍ ധര്‍മ്മദൈവ ട്രസ്റ്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഓരോ താവഴിയില്‍പ്പെട്ടവരുടെയും പേരുവിവരങ്ങള്‍ ഫാമിലിട്രീയില്‍ കാണുന്നതാണ്‌. ഇവയൊന്നും കൂടാതെ ഈ തറവാട്ടില്‍പ്പെട്ട ഒറ്റപ്പെട്ട വീടുകള്‍ പലയിടങ്ങളിലും (കേച്ചേരി, പന്നിതടം, പാഴിയോട്ടുമുറി) ഉള്ളതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. പൂര്‍വ്വകാല ചരിത്രരേഖകള്‍ ഒന്നും സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ തറവാടിന്റെ വ്യക്തമായ ഒരു ചിത്രം ലഭ്യമല്ല. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുതിര്‍ന്നവര്‍ പറഞ്ഞുകേള്‍ക്കുന്ന അറിവുകള്‍ മാത്രമാണിത്‌.

കുഴിപ്പറമ്പിൽ ധ൪മ്മ ദൈവ ക്ഷേത്രം

കടത്തനാട്ടു നിന്നും ഇവിടെ മുളങ്കുന്നത്തുകാവില്‍ വന്ന്‌ താമസമാക്കിയ പൂര്‍വ്വികര്‍ ഈശ്വരവിശ്വാസികളായിരുന്നു. അതിനാല്‍ അവര്‍ ഇവിടെ താമസമാക്കിയപ്പോള്‍ അവരുടെ സേവാമൂര്‍ത്തികളായ ദേവിയേയും, നാഗങ്ങളേയും കൂടെകൊണ്ടുപോരുകയും ഇവിടെ കൂടിവച്ച്‌ ആരാധിക്കുവാനും തുടങ്ങി. തറവാട്ടിലെ ഒരു മുതിര്‍ന്ന കാരണവരായിരുന്ന ശ്രീകൃഷ്ണന്‍ മകന്‍ അയ്യപ്പന്റെ (കുഞ്ഞിമോന്‍) വക കുടിയിരുപ്പിലായിരുന്നു ഈ ക്ഷേത്രം. ഇവിടെ വൈക്കോല്‍ മേഞ്ഞ ചെറിയ ഒരു പുരയിലായിരുന്നു കുടുംബക്ഷേത്രം. അന്ന്‌ ഭഗവതി, നാഗങ്ങള്‍, വിഷ്ണുമായ, കാരണവന്‍മാരെ കുടിയിരുത്തിയ പീഠങ്ങള്‍ എന്നിവയെല്ലാം ഈ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അക്കാലത്ത്‌ ശ്രീനാരായണ ഗുരുദേവന്‍ അദ്ദേഹത്തിന്റെ ആത്മീയ യാത്രകള്‍ക്കിടയില്‍ ഈ പ്രദേശത്ത്‌ ഒരു പന്തിഭോജനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അവസരത്തില്‍ നമ്മുടെ ക്ഷേത്രത്തില്‍ വരികയും, തദവസരത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ച പ്രകാരം പുനപ്രധിഷ്ഠ നടത്തിയതായും പറയപ്പെടുന്നു. അന്നുമുതല്‍ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തികള്‍ രുധിരമാല ഭഗവതിയും, ഗണപതിയും, നാഗങ്ങളും മാത്രമായി. അക്കാലത്ത്‌ ക്ഷേത്രത്തില്‍ ദിവസപൂജയോ, സ്ഥിരമായി ഒരു പൂജാരിയോ ഉണ്ടായിരുന്നില്ല. സ്ഥലമുടമയായിരുന്ന ശ്രീ. അയ്യപ്പന്റെ (കുഞ്ഞിമോന്‍) അമ്മ കുഞ്ഞിയും അവരുടെ കാലശേഷം അവരുടെ മക്കളും ദിവസവും അടിച്ച്‌ തളിച്ച്‌ വിളക്ക്‌വയ്ക്കുകയായിരുന്നു പതിവ്‌. വര്‍ഷംതോറും ക്ഷേത്രോത്സവങ്ങള്‍ നടത്തുന്ന പതിവും ഉണ്ടായിരുന്നില്ല. വല്ലപ്പോഴും എല്ലാവരും ഒത്തുചേരുന്ന അവസരത്തില്‍ സര്‍പ്പകളവും ഭഗവതിപ്പാട്ടും നടത്തുവാന്‍ തീരുമാനിക്കുകയും, അതുപ്രകാരം ഓരോ താവഴിക്കാര്‍ ഓരോ ദിവസത്തെ കളം നടത്തുകയും അവസാനദിവസം എല്ലാവരും ചേര്‍ന്ന്‌ ഭഗവതിപ്പാട്ട്‌ നടത്തുകയുമായിരുന്നു പതിവ്‌. എന്നിട്ടും പല കാരണങ്ങളാല്‍ പല വര്‍ഷങ്ങളിലും സര്‍പ്പകളവും ഭഗവതിപ്പാട്ടും മുടങ്ങിപോകാറുണ്ട്‌. ക്ഷേത്രം ഒരു വ്യക്തിയുടെ ഉടമസ്ഥതയില്‍ ആയിരുന്നതും, തമ്മില്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യങ്ങളും അതിനുകാരണമായിട്ടുണ്ട്‌. അതിനു പരിഹാരമുണ്ടാക്കാനായി 7/2/1996-ല്‍ ഒരു ട്രസ്റ്റ്‌ രൂപീകരിക്കുകയും ക്ഷേത്രം പൊതുവായി ഉപയോഗിക്കാനായി ക്ഷേത്രവും അതിനോടു ചേര്‍ന്ന്‌ 5 1/4 സെന്റ് സ്ഥലം ശ്രീ.കെ.എ.മാധവന്‍ സൌജന്യമായി ട്രസ്റ്റിനു രജിസ്റ്റര്‍ ചെയ്തു നല്‍കുകയും ചെയ്തു. 3/6/2001-ല്‍ കൂടിയ ട്രസ്റ്റ്‌ യോഗത്തില്‍ ക്ഷേത്രം പുതുക്കിപണിയാന്‍ തീരുമാനിച്ചു.11/5/2002-ല്‍ പുതുക്കിയ ക്ഷേത്രത്തില്‍, കോണത്ത്കുന്ന്‌ ശ്രീ.വിജയന്‍ ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ പുനപ്രതിഷ്ഠ നടത്തി. തുടര്‍ന്ന്‌ മാസപൂജ, വ്യക്തികളുടെ ആവശ്യാര്‍ത്ഥം സ്പെഷല്‍ പൂജകള്‍, കന്നിമാസത്തില്‍ ആയില്ല്യപൂജ, മെയ്‌ 11ന്‌ പ്രതിഷ്ഠാദിനമഹോത്സവം, വിഷുവിന്‌ മുന്‍പായി സര്‍പ്പകളം, ഭഗവതിപ്പാട്ട്‌ എന്നിവ മുടക്കമില്ലാതെ നടത്തിവരുന്നു.

11/5/2005 -ലെ ട്രസ്റ്റ്പൊതുയോഗത്തില്‍ ക്ഷേത്രത്തിന്‌ മുന്‍വശം ഒരു നടപ്പുര നിര്‍മ്മാണത്തിന്‌ തീരുമാനമെടുക്കുകയും പണികള്‍ ആരംഭിക്കുകയും ചെയ്തു. നിര്‍മ്മാണം പൂര്‍ത്തിയാക്കി  19/9/2006 -ല്‍ ആയില്യ പൂജയോടൊപ്പം നടപ്പുരസമര്‍പ്പണവും നടത്തുകയുണ്ടായി. 12/12/2007 -ല്‍ ക്ഷേത്രത്തോട്‌ തൊട്ടുകിടക്കുന്ന 6.93 സെന്റ് ഭൂമി കൂടി വാങ്ങി. ഇപ്പൊള്‍ മൊത്തം 22.18 സെന്റ് ഭൂമി, കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച ക്ഷേത്രം, തിടപ്പള്ളി, നടപ്പുര, ചുറ്റുമതില്‍ കെട്ടിയ സര്‍പ്പക്കാവ്‌, വാക്കല്ല്‌ കെട്ടിയ കിണര്‍, മോട്ടോര്‍ പമ്പ്സെറ്റ്‌, ജലസംഭരണി തുടങ്ങിയവയെല്ലാം ക്ഷേത്രത്തിന്‌ സ്വന്തമായിട്ടുണ്ട്‌.

കുഴിപ്പറമ്പിൽ ധ൪മ്മ ദൈവ ട്രസ്റ്റ്

Site Under Updation